Articles

ഒരു ഫിലിം ഫെസ്റ്റിവല്‍ ബുജി(ണി)യുടെ ഡയറിക്കുറിപ്പ് : Part 1

In Uncategorized on ഡിസംബര്‍ 15, 2009 by പ്രിയ രേഖപ്പെടുത്തിയിരിക്കുന്ന

പ്രിയ ഡയറീ,

ഇന്ന് IFFK മൂന്നാം സുദിനം !

ആന്‍ഡ്രേ വൈദ എന്ന വിശ്വവിഖ്യാത പോളന്റുകാരന്റെ, 2009ലെ ബെര്‍ലിന്‍ മേളയിലെ നവ സിനിമാസങ്കല്പങ്ങള്‍ക്കുള്ള ആല്ഫ്രെഡ് ബൗവര്‍ അവാഡ് നേടിയ, പടം കണ്ടിറങ്ങി രമ്യാതീയറ്ററിന്റെ മുന്‍പിലെ ജൂബ്ബാക്കൂട്ടങ്ങളുടെ വിയര്‍പ്പുഗന്ധത്തിന്റെയും, ബീഡിപ്പുകയുണ്ടാക്കിയ ശ്വാസതടസ്സങ്ങളുടെയും , തൊട്ടടുത്ത് അതേ തീയറ്ററില്‍ കളിക്കാന്‍ പോകുന്ന ഊര്‍ശ്യൂല ആന്റോണിയാക്കിന്റെ “നതിംഗ് പേഴ്സനല്‍ ” എന്ന പടത്തിന്റെ പോസ്റ്ററിലെ തുണിയില്ലാപ്പെണ്ണിന്റെ കമ്പികാണാന്‍ കിടന്ന് തള്ളുന്ന ജനത്തിന്റെയും ഇടയിലൂടെ നൂണ്ട് ആയുര്‍‌വേദക്കോളെജ് ജങ്ഷനില്‍ നിന്ന് ഓട്ടോ പിടിച്ച് ഓടേണ്ടി വന്നു. എങ്കിലും സ്വച്ഛസുന്ദരമായ ഒരു ചെറുകഥപോലുള്ള ഒരു പടം കണ്ടതിന്റെ ആശ്വാസമുണ്ടായിരുന്നു.

ആന്‍ഡ്രേ വൈദയെ ശരിക്കും പരിചയമില്ലാത്തവര്‍ക്ക് പറ്റിയ പടമല്ല സ്വീറ്റ് റഷ്. പോളിഷ് ഭാഷ ഒഴുക്കനെ അറിയുന്നവര്‍ക്ക് ഇതൊരു സുന്ദര സൃഷ്ടിയാവാനേ തരമുള്ളൂ. ചുരുങ്ങിയത് ഇംഗ്ലീഷെങ്കിലും തട്ടും തടവുമില്ലാതെ വായിക്കാന്‍ പറ്റും വിധം ഒന്നാം ഭാഷയായവര്‍ക്ക്. പക്ഷേ ക്യാമറയുടെ ടെക്നീക്കുകള്‍ നോക്കുമോ, സിനിമയുടെ കുറേയേറെ ഭാഗം അപഹരിക്കുന്ന നടി ക്രിസ്റ്റീന ഷാന്തയുടെ ഏകതാനമായ വാചകമടി ശ്രദ്ധിക്കുമോ അതോ താഴെ മിന്നിമറയുന്ന സബ്ടൈറ്റിലു നോക്കി കണ്ണ് കഴപ്പിക്കുമോ, എന്നെപ്പോലൊരു ഫെസ്റ്റിവല്‍ ബുദ്ധിജീവിണി ? പക്ഷേ ഒന്നു നിസ്സംശയം പറയാം – പടവലങ്ങാ പോലെ കീഴോട്ട് മാത്രം വളരുന്ന നമ്മുടെ അടൂരിനെയും ചന്ദ്രന്‍ സാറിനെയും സുകുമാരന്‍ സാറിനെയുമൊക്കെ ഇരുത്തിക്കാണിക്കേണ്ട സാധനം കൂടിയാണ് 82‌ ‌‌ആം വയസ്സിലും വൈദ പടച്ചുവിടുന്നവ. തലച്ചോറിനെ അഭ്യസിപ്പിക്കുന്ന പ്രാഗ്മാറ്റിസത്തിന്റെ ഗുണമാണ് പ്രതിഭയുടെ ഉന്നതികളില്‍ ചെന്ന് കലാശിക്കുന്നത് എന്ന് വിളിച്ചുപറയുന്നുണ്ട് സ്വീറ്റ് റഷ്. അത്രയും ആശ്വാസകരം.

യഥാര്‍ത്ഥജീവിതത്തിലെ തന്റെ ഭര്‍ത്താവും വൈദയുടെ ക്യാമറാമാനുമായ എഡ്വാഡ് ക്ലോസിന്‍സ്കിയുടെ മരണം ഈ പടത്തിന്റെ ഷൂട്ടിംഗിനെ ഒരുവര്‍ഷത്തേയ്ക്ക് താമസിപ്പിച്ച കഥ പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റീന ഷാന്ത എന്ന നടി സ്വീറ്റ് റഷിന്റെ ആരംഭത്തില്‍ ആഖ്യാനം തുടങ്ങുന്നത്. ഏകജാലക വെളിച്ചത്തില്‍ പ്രേതതുല്യമായ രൂപത്തോടെ അവള്‍ തന്റെ ഭര്‍ത്താവിനു വന്ന ക്യാന്‍സറിനെക്കുറിച്ചും മറ്റും നമ്മോട് പറയുന്നു. ഒറ്റഷോട്ടില്‍, നിര്‍ത്താതെ. അവര്‍ പറയുന്ന കഥയത്രയും സിനിമയിലെ സ്ക്രിപ്റ്റിലുള്ളതല്ല, യഥാര്‍ത്ഥത്തില്‍ നടന്നതാണ്. സീന്‍ മുറിയുമ്പോള്‍ രംഗം ഷൂട്ടിംഗ് ലൊക്കേഷനിലാണ് വൈദയും നടിയും. നടി ഇപ്പോള്‍ സിനിമയ്ക്കുള്ളിലെ സിനിമയിലാണ് – രണ്ടാം ലോകയുദ്ധത്തിലെ ഒരു ഡോക്ടറുടെ ഗ്രാമീണയായ ഭാര്യയായി. മാര്‍ത എന്ന് പേരുള്ള അവള്‍ക്ക് ക്യാന്‍സറാണെന്ന് ഡോക്ടര്‍ അവളോട് പറഞ്ഞിട്ടില്ല, മരണാസന്നയെന്നതിലുപരി രണ്ടാണ്മക്കളെ വാര്‍സോയിലെ നാസിഭരണം അവസാനിപ്പിക്കാനുള്ള പട്ടാളനീക്കത്തിനിടയില്‍ നഷ്ടപ്പെട്ടതിന്റെ വേദനയുമായി ജീവിക്കുന്നവള്‍ എന്ന പരിഗണനയാലാണ് അയാള്‍ രോഗവിവരം ഭാര്യയില്‍ നിന്ന് മറച്ചുവയ്ക്കുന്നത്. വൈദയുടെ പടങ്ങളിലെ ആവര്‍ത്തിക്കുന്ന രൂപകമായ വാര്‍സോ പോരാട്ടങ്ങള്‍ (1943-45) ഇവിടെയും വരുന്നു. അങ്ങനെ ഏകാകിയായിരിക്കുന്ന മാര്‍ത പരിചയപ്പെടുന്ന മകന്റെ പ്രായമുള്ള ബോഗസ് എന്ന ഒരു യുവാവില്‍ (പാവെല്‍ ഷയ്ദ) ആകൃഷ്ടയാവുന്നു. ഭര്‍ത്താവില്‍ നിന്ന് അബോധത്തിലെങ്കിലും മാര്‍ത്തയിലേക്ക് പ്രസരിക്കുന്ന ലൈംഗികമരവിപ്പിന് പ്രതിവിധിയാവുകയാണ് ബോഗസിന്റെ കുട്ടിത്തം മാറാത്ത ചേഷ്ടകള്‍ . ആ ബന്ധം വാത്സല്യത്തിനും പ്രണയത്തിനുമിടയിലെ ഇഡിപ്പല്‍ കോമ്പ്ലക്സുകളുടെ നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന ദിവസങ്ങള്‍ക്കപ്പുറത്ത് ഒരു ദിനം ആറ്റിന്റെ തീരത്ത് വളരുന്ന കുളവാഴ പോലുള്ള സ്വീറ്റ് റഷ് എന്ന പേരുള്ള ചെടി മാര്‍ത്തയ്ക്ക് വേണ്ടി പറിക്കാന്‍ ശ്രമിക്കവെ അവളുടെ പയ്യന്‍ കാമുകന്‍ മുങ്ങുന്നു. മാര്‍ത്ത മുങ്ങുന്ന കാമുകനെ രക്ഷിക്കാനുള്ള വിഫലശ്രമം നടത്തുന്ന നിമിഷത്തില്‍ മാര്‍ത്തയും ലോകമഹായുദ്ധകാലത്തെ പോളിഷ് ഗ്രാമവുമൊക്കെ മാറി ക്യാമറയിലേക്ക് നടിയായ ക്രിസ്റ്റീന ഷാന്തയും പാവെല്‍ ഷയ്ദയും സംവിധായകന്‍ വൈദയും എത്തുന്നു. ക്യാമറാമാനെയും തന്നെത്തന്നെയും കാണിച്ചുകൊണ്ടാണ് വൈദ, ഇതൊരു സിനിമയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ മരണരംഗത്തിന്റെ ഓര്‍മ്മയില്‍ വിഭ്രാന്തിയോടെ മാര്‍ത്തയുടെ വേഷമുപേക്ഷിച്ച് നടി ഷൂട്ടിംഗ് സംഘത്തെ ഇതികര്‍ത്തവ്യതാമൂഢരാക്കി നിഷ്ക്രമിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവിനെ കാന്‍സറിന് നഷ്ടപ്പെട്ട നടി, സിനിമയില്‍ മക്കളെ നഷ്ടപ്പെട്ട, ക്യാന്‍സര്‍ രോഗിയായി മരിച്ചുകൊണ്ടിരിക്കുന്ന ഭാര്യ, മകന്റെ പ്രായമുള്ള ഒരു പയ്യനെ പ്രണയിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ……..പൊക്കിള്‍ക്കൊടിപോലെ സ്വീറ്റ് റഷ് ചെടിയുടെ കൂമ്പുകള്‍ വയറോട് ചേര്‍ത്ത് പിടിച്ച് മുങ്ങിത്താഴുന്ന പയ്യന്‍….. മരണവക്ത്രത്തിലെ അവസാന പിടച്ചിലില്‍ കാന്‍സറിനു കീഴടങ്ങിയ ഭര്‍ത്താവും മുങ്ങിത്താഴുന്ന കാമുകനും യുദ്ധത്തില്‍ കൊല്ലപ്പെട്ട മകനും ഒന്നായി പിണയുന്ന വിഭ്രാമക നിമിഷങ്ങള്‍ ….. സ്വീറ്റ് റഷുകള്‍ അഥവാ സ്വീറ്റ് ഫ്ലാഗുകള്‍ (Calamus) എന്ന ആറ്റിറമ്പിലെ ചെടിക്കൂട്ടം ഗ്രീക്ക് മിത്തനുസരിച്ച് കാമുകിയെ മുങ്ങാം കുഴി മത്സരത്തില്‍ നഷ്ടമായ ഒരു കാമുകന്റെ പുനര്‍ജന്മമാണ്, അവയ്ക്കിടയിലൂടെ തഴുകിക്കടന്നുപോകുന്ന കാറ്റ് അവന്റെ ദുഃഖത്തിന്റെ പ്രതീകവും…. അങ്ങനെ സങ്കീര്‍ണതയുടെ പലപല പാളികള്‍ ഇളക്കി നോക്കി മനഃശാസ്ത്രവിശകലനം നടത്താനും സിനിമയേത് സിനിമയ്ക്കുള്ളിലെ സിനിമയേത് ജീവിതമേത് എന്ന് ഓര്‍ത്ത് ഞെട്ടാനും പ്രേക്ഷകന് ഇടം ബാക്കിയാക്കിക്കൊണ്ട് പടം തീരുന്നു.

വിഖ്യാത പോളിഷ് നടിയും 1977ല്‍ ആന്‍ഡ്രേ വൈദയുടെതന്നെ Man of Marbleലൂടെ അഭിനയജീവിതം ആരംഭിച്ചവളുമായ ക്രിസ്റ്റീന ഷാന്തയോടൊത്ത് മുപ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈദ ഒരു പടം ചെയ്യുന്നത്. സ്വീറ്റ് റഷിന്റെ ആദ്യം ഷാന്ത പറയുന്നതുപോലെ ഭര്‍ത്താവിന്റെ രോഗം മൂലം ഈ ചിത്രം ചെയ്യാനുള്ള ക്ഷണം അവര്‍ ആദ്യം നിരസിച്ചിരുന്നു. പിന്നീട് ഒരുവര്‍ഷത്തോളം കഴിഞ്ഞ് തന്റെ ക്യാമറാമാന്‍ കൂടിയായിരുന്ന നടിയുടെ ഭര്‍ത്താവിനെ അനുസ്മരിക്കുക എന്ന ഉദ്ദേശ്യത്തോടെ വൈദ ഷാന്തയെ സമീപിച്ചപ്പോളാണ് കഥയ്ക്ക് പുതിയ മാനങ്ങളുണ്ടായതും അത് ആഖ്യാനശൈലിയിലെ ഒരു പുതിയ പരീക്ഷണമായതും. തീര്‍ച്ചയായും ഇത് ആന്‍ഡ്രേ വൈദയുടെ ഏറ്റവും മികച്ച ചിത്രമല്ല. The Orchestra conductorഉം The Weddingഉം, The Man of marbleഉം Rough treatment ഉം ഒക്കെ ആസ്വദിച്ചവര്‍ക്ക് ഇത് ആ പട്ടികയില്‍ അവസാനത്തേതിനോടടുത്തേ വരൂ. എങ്കിലും നവം നവമായ ആഖ്യാനശൈലികളെ പരീക്ഷിക്കാനും അത് തന്റെ സിനിമാലോകത്തെ പ്രൗഡി അനുവദിച്ചുതരുന്ന മാര്‍ക്കറ്റ് ഇടങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കാനും ഈ പ്രായത്തിലും വൈദ കാട്ടുന്ന മിടുക്ക് അനുപമമാണ്. അത് അപ്ഡേറ്റ് ചെയ്യാന്‍ മാത്രമെങ്കിലും ഈ ചിത്രം കാണാം .

2 പ്രതികരണങ്ങള്‍ to “ഒരു ഫിലിം ഫെസ്റ്റിവല്‍ ബുജി(ണി)യുടെ ഡയറിക്കുറിപ്പ് : Part 1”

  1. ഇങ്ങനെ വേണം ഡയറിയാണെങ്കിലും എഴുതാന്‍. സിനിമയെ കുറച്ചുകൂടി മനസ്സിലാക്കാന്‍ പറ്റുമല്ലോ. sweet rush ആ ചെടിയാണെന്ന് അറിയില്ലായിരുന്നു. ഞാന്‍ മറ്റെന്തോ ആണ് വിചാരിച്ചത്. എങ്കിലും ബുജിണി എന്ന പ്രയോഗം വേണ്ടായിരുന്നു. അതിനകത്തെ നര്‍മ്മം പോസ്റ്റിലില്ലല്ലോ..ഒരു ഫിലിം ഫെസ്റ്റിവല്‍ ഡയറിക്കുറിപ്പായാല്‍ എന്തായിരുന്നു തകരാറ്‌? ചില വാക്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ നമുക്ക് കഴിയാറേ ഇല്ല.. 😦

  2. Thanks for the Review. I like Man of Marble than this.

ഒരു അഭിപ്രായം ഇടൂ